
ദോഹ: ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള ധനകാര്യ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുന്ന പ്രമുഖ റീജിയണൽ പേയ്മെന്റ് ശൃംഖലയായ 'ആഫാഖ്' (AFAQ) സിസ്റ്റത്തിൽ ദോഹ ബാങ്ക് അംഗമായി. ഈ നെറ്റ്വർക്കിൽ ചേരുന്ന ഖത്തറിലെ ആദ്യത്തെ പ്രമുഖ വാണിജ്യ ബാങ്കുകളിലൊന്നാണ് ദോഹ ബാങ്ക്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ, ദോഹ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ജി.സി.സി രാജ്യങ്ങളിലേക്ക് പ്രാദേശിക കറൻസികളിൽ (Local Currencies) തൽസമയം (Instant Transfers) ധനകൈമാറ്റം നടത്തുവാൻ സാധിക്കും. കുറഞ്ഞ ചെലവിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാദേശികതലത്തിൽ ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഫഹദ് ബിൻ ഫൈസൽ അൽ ഥാനി പറഞ്ഞു.











